Saturday 24 November 2012

എന്‍റെ പുലരികള്‍ ...


രാത്രിമഴയിന്നലെ ചിണുങ്ങിയ വഴിയിലായ്...
പുല്‍ക്കൊടിത്തുമ്പുകള്‍ ഈറനുടുക്കവേ...
ഭൂമിതന്‍ പ്രാണനോ കുളിരില്‍ മയങ്ങവേ...
തൊട്ടുണര്‍ത്തട്ടെ ഞാന്‍ തൂവിരല്‍ സ്പര്‍ശമായ്...

മെല്ലെയെന്‍ മുടിയിഴത്തുമ്പു തലോടിക്കൊ-
ണ്ടീവഴി കുളിരിളം കാറ്റു മൂളുന്നുവോ...
ദൂരെക്കിഴക്കിലായ് എന്നുമുണരുന്ന...
സൂര്യനും തെല്ലു മടിച്ചു നില്‍ക്കുന്നുവോ...

ഒറ്റവിളിക്കു പിടഞ്ഞെണീക്കുന്നൊരെന്‍ ...
കുഞ്ഞു മകനിന്നു മെല്ലെ ചിണുങ്ങവേ...
തെല്ലു നേരം കൂടി, എന്തു കുളിരമ്മേ...
മൂടിപ്പുതച്ചിന്നു നന്നായുറങ്ങട്ടെ...

കാക്കയും കിളികളും കലപില കൂട്ടുന്നു...
നേരം പോയ്‌ ... വിദ്യാലയ തിരുമുറ്റമണയേണ്ടേ...

പാതി മനസ്സോടെ മെല്ലെയെഴുന്നേറ്റു...
വന്നെന്‍റെ മടിയിലായ് വീണ്ടും കിടക്കവേ...
"പോകണോ...???" ... "പോകണം...!!!" എന്നൊരു ചോദ്യവും...
ഉത്തരവും ഞങ്ങള്‍ കൈമാറി നോക്കുന്നു...

ഈ കുളിര്‍ തെന്നലും , പൂക്കളും , കിളികളും...
ശ്രദ്ധിക്കുവാന്‍ തെല്ലു നേരമെനിക്കില്ല-
യെന്നു പരിഭവം ചൊല്ലി മകന്‍ മെല്ലെ...
യാത്ര പറഞ്ഞിന്നു ദൂരെ മറയവേ... 

ഓര്‍ക്കുന്നു ഞാന്‍ ചുടു നിശ്വാസമോടെങ്ങോ...
പോയി മറഞ്ഞോരെന്‍ ബാല്യകാലത്തെയും...





5 comments:

  1. സ്കൂളില്‍ പോകാന്‍ മടിയാരുന്നു ല്ലേ??

    (അനുഭവത്തില്‍ നിന്ന് വിരിഞ്ഞ കവിതാമലര്‍ ആണോ? നന്നായിട്ടുണ്ട്)

    ReplyDelete
  2. ഇഷ്ടായി ട്ടൊ,ആസ്വാദിച്ചു..!

    ReplyDelete
  3. ഭയങ്കര ഫോട്ടോഗ്രാഫര്‍ തന്നെ ആണ് ,വളരെ നല്ല ഫോട്ടോസ് ആണ് എല്ലാം

    ReplyDelete
  4. ഇഷ്ടായി.. ഞാനും ഓര്‍ത്തു കുട്ടിക്കാലം ..

    ReplyDelete
  5. Thank You Very Much Friends... :-)

    ReplyDelete