Friday 26 April 2013

ഞാൻ ഊഞ്ഞാൽ...


ഓർമ്മയുണ്ടോ നിങ്ങൾക്കെന്നെ... 
എങ്ങനെ മറക്കാനാ ല്ലേ... 
എത്ര രസമായിരുന്നു നമ്മുടെ ബാല്യകാലം... 
'നമ്മുടെ ബാല്യകാലം' എന്ന് പറയാൻ മാത്രം എനിക്കത്ര വയസ്സായിട്ടൊന്നുമില്ല്യാല്ലൊ ല്ലേ... 
നിങ്ങൾക്കൊക്കെയല്ലേ പ്രായമായത്... 
എനിക്കെപ്പോഴും ബാല്യം തന്നെ... 
അതോണ്ടല്ലേ പ്രായമായവർക്ക് വരെ എന്നെ കാണുമ്പോൾ മനസ്സില് ബാല്യം പൂക്കുന്നത്... 

പണ്ടൊക്കെ ഓണത്തിനു എന്നെ കെട്ടിക്കഴിഞ്ഞാൽ പിന്നെ വേനലവധി കഴിഞ്ഞ് മഴക്കാലം തുടങ്ങുമ്പോഴേ അഴിക്കാറുണ്ടായിരുന്നുള്ളൂ... 
പിന്നെ പോയിപ്പോയി അത് വേനലവധിക്കാലത്ത് മാത്രമായി... 
ഓണത്തിനു പുതിയ പുതിയ സിനിമകളൊക്കെ ടീവീല് വരുമ്പോ അത് കാണാൻ ഇരിക്ക്യോ അതോ പിന്നെ ഊഞ്ഞാലാടാൻ വര്യോ... 
ഹല്ലാ പിന്നെ... 

വേനലവധിക്ക് പിന്നെ വീട്ടിലിരുന്നു ഉഷ്ണിച്ചുരുകുമ്പോൾപിള്ളേരെല്ലാരും കൂടി ഓടിവന്നു എന്റെ മടിയിലിരുന്നാടാൻ ഒരു മത്സരമാണ്... 
ഒരാൾക്ക്‌ പത്താട്ടം, അല്ലെങ്കിൽ ഇരുപതാട്ടം... 
അങ്ങനെ അങ്ങനെ... 
അതിനുള്ളിൽ ആരാണ് ഏറ്റവും ഉയരത്തിലാടി മാവിന്റെ തുഞ്ചത്തുള്ള കൊമ്പിലെ ഇലയിൽ തൊടുന്നത്, അവരായിരിക്കും വിജയി... 
ആ കളി കഴിഞ്ഞാൽ പിന്നെ ആരെയെങ്കിലും ഒരാളെ എന്റെ മടിയിലിരുത്തി പിരിച്ചു കറക്കും... 
പിന്നെ വിടുമ്പോൾ ഒരു തിരിച്ചിലാണ്... 
ചുഴിയിൽ പെട്ട പോലെ...  
ഹൊ... തല കറങ്ങും... 
പിന്നെ ചിലരുണ്ട്... 
അവര്ക്ക് ഇരിക്കാനൊന്നും ഇഷ്ട്ടമല്ല... 
മടിയിൽ കയറി നിന്നാണ് ആടുക... 
അതും ഒരു രസം...  
ഇപ്പൊ അതൊക്കെ ഓർക്കുമ്പോ കൊതിയാവുന്നു... 
അങ്ങനെ കൂട്ടുകൂടി ഒന്ന് കളിക്കാൻ... 

ഇപ്പൊ ആർക്കാ അതിനൊക്കെ സമയം...??? 
ഭയങ്കര ബിസിയല്ലേ എല്ലാരും... 
കുട്ടികളടക്കം... 
എന്തെല്ലാം കാർട്ടൂണുകളാ ടീവീല്... 
ബെൻ ടെൻ കഴിഞ്ഞാ ചോട്ടാ ഭീം, പിന്നെ ഹഗിമാരു, അത് കഴിഞ്ഞാ ഡോരെ മോൻ, പോക്കെ മോൻ, ഡോറ, മൈറ്റി രാജു അങ്ങനെ അങ്ങനെ അങ്ങനെ... 
ഇതൊക്കെ കഴിഞ്ഞിട്ട് പുറത്തെറങ്ങാൻ സമയം കിട്ടീട്ട് വേണ്ടേ... 

ഇനിയിപ്പ  ചൂട് സഹിക്കാൻ പറ്റാണ്ടാവുമ്പോ പുറത്തെറങ്ങുംന്ന് വിചാരിച്ചാ അതുംല്ല്യ... 
ഏസീന്നോ, കൂളർന്നോ എന്തോ പേരുള്ള ഒരു സാധനംണ്ട്ത്രെ... 
അത് വച്ചാ പിന്നെ ചൂടെടുക്കില്ല്യാന്നാ പറയണേ...
ഒക്കെ പോട്ടെ കറന്റു പോയാലെങ്കിലും ഇങ്ങോട്ടൊന്നു വരുംന്നു വച്ചാ അതും ഗോപി... 
ഇൻവെർട്ടർന്നൊരു കുന്ത്രാണ്ടം വച്ചിട്ടൊണ്ട്... 
അതോണ്ടിപ്പോ ആ പ്രതീക്ഷയും വേണ്ട... 

ആകെ മൊത്തം ടോട്ടൽ എന്താപ്പോണ്ടായേ...??? 
ഞാനൊറ്റക്കായി... 
അത്രന്നെ... 
ഓർക്കുമ്പോ സങ്കടം വരും... 
എന്തോരം കളിച്ചു തിമിർത്തതാ... 
ഇപ്പൊ ആർക്കും വേണ്ടാണ്ട് ഇവിടെ ഒറ്റയ്ക്ക്... 
ന്നാ പിന്നെ എന്നെയങ്ക്ട് അഴിച്ച് മാറ്റിക്കൂടെ അതുംല്ല്യ... 

കഴിഞ്ഞ ഓണാവധി മുതല് ഞാന്നു കെടക്കണതാ ഞാൻ ഇവിടെ... 
അന്ന് എല്ലാര്ക്കും ഭയങ്കര ഉൽസാഹായിരുന്നു... 
ആടിക്കളിക്കുണു, തിരിഞ്ഞു കളിക്കണു, ഒപ്പം നിന്ന് ഫോട്ടോ എടുക്കുണു, ഹോ എന്തൊക്ക്യായിരുന്നു... 
ഒരു നിമിഷത്തേക്ക് പഴയകാലം തിരിച്ചെത്തീന്ന് ആശ്വസിച്ചു... 
എവടെ... ഒക്കെ വെറുതെ...  
കാട്ടിക്കൂട്ടലുകൾ ഒക്കെ കഴിഞ്ഞപ്പോ എല്ലാരും പോയി... 
അവരവരുടെ വഴിക്ക്... 
എന്നെ ഇവിടെ ഒറ്റക്കിട്ടിട്ട്... 
ഇപ്പൊ ആടാനും ആളില്ല്യ, അഴിക്കാനും ആളില്ല്യ... 
ഇതിന്റെടേല്  എന്തോരം വെയിലും മഴേം കൊണ്ടു... 
ഇനിയിപ്പോ ആർക്കും കഷ്ട്ടപ്പെട്ടു വന്ന് അഴിച്ചു മാറ്റേണ്ടി വരില്ല്യാന്നാ തോന്നണേ... 
അതിനു മുമ്പേ ഞാൻ സ്വയം അങ്ങ് പൊട്ടി താഴെ വീഴും... 
അപ്പൊ എല്ലാർക്കും സമാധാനാവും... 
ഹല്ലാ പിന്നെ... 

ശ്ശോ... എനിക്കിന്നിത് എന്ത് പറ്റി... 
വെറുതെ ഓരോന്ന് പറഞ്ഞ് എല്ലാരേം ബോറടിപ്പിച്ചു ല്ലേ... 
വേണ്ടാന്ന് വിചാരിച്ചതാ... 
പറ്റണില്ല്യ... 
ഉള്ളില് സങ്കടണ്ടേ... 
അതാ... 
പറഞ്ഞു തൊടങ്ങ്യാ പിന്നെ ഇങ്ങനാ... 
പെട്ടന്നൊന്നും നിർത്താനും പറ്റില്ല്യ... സോറി ട്ടോ...
എല്ലാരും പൊയ്ക്കോളൂ... 
ഒരുപാട് തിരക്കുകൾ ഉള്ളവരല്ലേ... 

പിന്നേ, എന്നോടെന്തേലും പറയാനുണ്ടേല് ദേ ഇതിന്റെ അടീല് എഴുതി വച്ചേക്കു ട്ടോ... 
സൗകര്യം പോലെ ഞാൻ വായിച്ചോളാം... 

ന്നാ പിന്നെ ഞാനും അങ്ങട്... 


5 comments:

  1. നന്നായിരിക്കുന്നു കുട്ട്യേ .... ഊഞ്ഞാല ഊഞ്ഞാലാ പൊന്നൂഞ്ഞാലാ.....ശരിയാണ് ...പാവം ഊഞ്ഞാല ..ഇന്നാർക്കും വേണ്ട.

    ReplyDelete
  2. മോനേ
    ഊഞ്ഞാലേ കേറല്ലേ
    നീ വീഴും

    (എല്ലാര്‍ക്കും പേടിയാന്നേ. തങ്കക്കുടം വീണാലോ...!!)

    ReplyDelete
  3. ഒരു ഗദ്ഗദം .......!
    എങ്ങൊ മറഞ്ഞു പൊയ , മറച്ച് വച്ച ഒരു കാലം ..
    ആ പഴയമുടെ മണം കൊണ്ട് വന്ന " എഡിറ്റ് ചെയ്ത ഫോട്ടൊ "
    കൂടിയായപ്പൊള്‍ വല്ലാതെ ഒന്ന് നൊന്തു ..
    എന്റെ മക്കള്‍സ് ഇപ്പൊഴും അവരെ ഓര്‍ക്കുന്നുണ്ടേട്ടൊ, ഞാനും:)
    പക്ഷെ അതിലിരിക്കുമ്പൊഴും ചിന്തകളും , കൈയ്യിലും
    പലതും കാണുമായിരിക്കുമെന്നത് നേരു തന്നെ ..
    ആ കാലമൊരു സുവര്‍ണ്ണ കാലം തന്നെ സത്യം ..
    ഓണത്തിനും വേനവധിക്കും ഞങ്ങള്‍ എല്ലാവരും കൂടി ഒത്ത്
    കൂടുന്ന ഞങ്ങളുടെ മുത്തശ്ശി മാവ് ..അതിന്റെ വലിയ -
    കൊമ്പിലാ എല്ലാ കൊല്ലവും ഇടുക ഊഞ്ഞാല്‍.
    അതിടാന്‍ കൊച്ചുമണി മാമനാ വരുക , ഒരാഘോഷമാ
    അതിടുന്ന ദിവസ്സം .. അക്കരെ നിന്ന് വരെ ഞങ്ങളുടെ
    എല്ലാ കൂട്ടുകാരും എത്തും .. രണ്ടു പേര്‍ക്ക് സുഖമായി
    ഇരിക്കാന്‍ പറ്റുന്ന തടിയാ ഇടുക .. ഒരൊ ആട്ടവും
    കാവിന്റെ മുകളിലും , കുളത്തിന്റെ മുകളിലും വരെ എത്തും ...
    ഇന്ന് ആ മാവ് പോലുമില്ല . ആ വലിയ മാവിന്റെ
    ഒരു വശം അപ്പൂപ്പന്‍ മരിച്ചപ്പൊഴും , മറ്റൊരു വശം
    അമ്മുമ്മ മരിച്ചപ്പൊഴും കൂടെ എരിഞ്ഞ് തീര്‍ന്നു ..
    പ്രവാസം നല്‍കുന്ന ഇടവേളകളില്‍ അവിടെ പൊയി
    നില്‍ക്കുമ്പൊള്‍ സങ്കടം വരും .. എന്തൊക്കെയോ നഷ്റ്റപെടുന്നു
    നമ്മള്‍ക്ക് , ഇനിയൊരിക്കലും തിരിച്ച് പിടിക്കാന്‍ പറ്റാതെ ...
    വല്ലാതെ നൊന്തു ഈ പൊസ്റ്റും ആ ചിത്രവും ..

    ReplyDelete
  4. nostalgia.....

    പതിവു പോലെ ഫോട്ടോ ഗംഭീരം..

    ReplyDelete