Tuesday 8 May 2012

ഒരു സ്വപ്നം


ഞാന്‍ നടക്കുകയായിരുന്നു... 
ഒരു പാടവരമ്പത്തുകൂടെ... അതോ ഒരു പുല്‍ മേട്ടിലൂടെയോ...? 
അതെ... എനിക്ക് അവ്യക്തമായ ഒരു ഓര്‍മ്മ കിട്ടുന്നുണ്ട്‌... 
അതൊരു പുല്‍മേട്‌ തന്നെയായിരുന്നു... 
വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന ഒരു പ്രധാന നിരത്ത്... 
അതിനടുത്തായി ഒരു വലിയ മതിലും ഇരുമ്പ് ഗയ്ററും... 
അതിനുമപ്പുറം മുട്ടോളമെത്തുന്ന പുല്ലുകളും പാഴ്ചെടികളും തഴച്ചു വളര്‍ന്നു നില്‍ക്കുന്ന വിശാലമായ ഒരു സ്ഥലം... 
അതിന് നടുവിലൂടെ ആളുകള്‍ വര്‍ഷങ്ങളോളം സഞ്ചരിച്ചപ്പോളുണ്ടായ ഒരു നടപ്പാത... 
ആ നടപ്പാതയിലൂടെയാണ് ഞാന്‍ ഇപ്പോള്‍ പോകുന്നത്... 
ആ നടപ്പാത ചെന്നെത്തുന്നത് ഒരു ഇടവഴിയിലേക്ക് ആണ്... 
ചുറ്റും മതിലുകള്‍ ഉള്ള ഒരു ഇടുങ്ങിയ വഴി... 
ആ മതിലുകള്‍ക്കപ്പുറം കൊച്ചു കൊച്ചു വീടുകള്‍ ആണെന്ന് തോന്നുന്നു... 
ആ ഇടവഴി അവസാനിക്കുന്നത് ഒരു കവലയിലാണ്... 
അവിടെ വഴി മൂന്നായി പിരിയുന്നു... 
പക്ഷെ ഒരു കവലയുടെതായ യാതൊരു ലക്ഷണവും അവിടെ കാണുന്നില്ല... 
ഒരു ചായക്കടയോ, മുറുക്കാന്‍ പീടികയോ ഒന്നും അവിടെയില്ല...
ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി... 
ഞാന്‍ നില്‍ക്കുന്നത് ഒരു ക്ഷേത്രത്തിനു മുന്‍പിലാണ്... 
ഏതാണാ ക്ഷേത്രം, ആരാണ് അവിടുത്തെ പ്രതിഷ്ഠ...? 
ഒന്നും എനിക്കറിയില്ല... 
ഒന്നു മാത്രം എനിക്കറിയാം... 
ഞാന്‍ നില്‍ക്കുന്നത് ആ ക്ഷേത്രത്തിനു മുന്‍പിലെ വലിയ കല്‍ വിളക്കിന് തൊട്ടടുത്തായാണ്... 
വര്‍ഷങ്ങളോളം കരിയും പുകയും ഏറ്റു കറുത്തുപോയ, 
എണ്ണ മെഴുക്കു പുരണ്ട കൂറ്റന്‍ കരിങ്കല്‍വിളക്ക്... 
എന്‍റെ പ്രിയപ്പെട്ട ദൈവം ശ്രീ കൃഷ്ണന്‍ ആയതുകൊണ്ട്, 
ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീ കൃഷ്ണന്‍ ആയിരിക്കും എന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചുകൊണ്ട്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു...

"എന്‍റെ കൃഷ്ണാ... രക്ഷിക്കണേ..."

അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കുന്നത്... 
എന്‍റെ കയ്യില്‍ എന്തോ ഉണ്ടല്ലോ... എന്താണത്...? 
ഞാന്‍ എന്‍റെ കയ്യിലേക്ക് നോക്കി... 
ഒരു കെട്ട് പുസ്തകങ്ങള്‍ ഇടത്തേ കൈത്തണ്ട കൊണ്ടു ഞാന്‍ എന്‍റെ മാറില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നു... 
അപ്പോള്‍ ഞാന്‍ സ്കൂളിലെക്കാണോ പോകുന്നത്...? 
പക്ഷെ ഞാന്‍ ഇങ്ങനെയല്ലല്ലോ സ്കൂളില്‍ പോയിരുന്നത്... 
ഇതാരാ എന്നോട് വര്‍ത്തമാനം പറയുന്നത്...? 
ഇവര്‍ ആരാ...? എന്‍റെ കൂട്ടുകാരികള്‍ ആണോ...? 
പക്ഷെ ഇവരുടെ മുഖമൊന്നും എന്‍റെ ഓര്‍മ്മയില്‍ തെളിയുന്നില്ലല്ലോ... 
ഈ വഴിയത്രയും ഇവര്‍ എന്‍റെ കൂടെയുണ്ടായിരുന്നോ...?

അതോ ഇതു വെറുമൊരു മായക്കാഴ്ച മാത്രമാണോ...? 
ഞാനും അവരോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടല്ലോ... 
ഒരുപക്ഷെ ഇവര്‍ എന്‍റെ കൂട്ടുകാരികള്‍ തന്നെയായിരിക്കും... 
ഞാന്‍ പെട്ടന്ന് മറന്നുപോയതാകും...ഞാന്‍ വീണ്ടും നടന്നു... 
എന്‍റെ - മുഖം മറന്നുപോയ- കൂട്ടുകാരികള്‍ക്കൊപ്പം...

ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ഒരു ആശാന്‍ പള്ളിക്കൂടത്തിന്റെ മുറ്റത്തായിരുന്നു... വായിച്ചു മാത്രം പരിചയമുള്ള ആശാന്‍ പള്ളിക്കൂടം... 
കുട്ടികളെല്ലാവരും മണലില്‍ വിരലു കൊണ്ടെഴുതി പഠിക്കുന്ന സ്ഥലം... അങ്ങനെയാണ് ആശാന്‍ പള്ളിക്കൂടത്തെപ്പറ്റി ഞാന്‍ എവിടെയോ വായിച്ചിട്ടുള്ളത്... 
അങ്ങനെ ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ എത്തി ചേര്‍ന്നിരിക്കുന്നത്... ഇവിടെയാണോ ഞാന്‍ പഠിക്കുന്നത്...? 
പക്ഷെ ഞാന്‍ പഠിച്ചിരുന്നത് ഒരു കോണ്‍വെന്റ് സ്കൂളില്‍ അല്ലെ... 
അപ്പോള്‍ പിന്നെ ഇതു ഏതാണ് സ്ഥലം...? 
ഒട്ടും കണ്ടു പരിചയം തോന്നുന്നില്ലല്ലോ... 
ഏതായാലും ഞാന്‍ ആ ആശാന്‍ പള്ളിക്കൂടത്തിലേക്ക് കയറി... ആരുടെയൊക്കെയോ കൂടെയിരുന്ന് എന്തൊക്കെയോ പഠിച്ചു...

ഇപ്പോള്‍ ഞാന്‍ തിരിച്ചു വരികയാണ്...
അതേ കവലയിലൂടെ...
എന്‍റെ -മുഖം മറന്നുപോയ- കൂട്ടുകാരികളും എന്നോടൊപ്പമുണ്ട്... 
എന്തൊക്കെയോ പരസ്പരം പറഞ്ഞു ചിരിച്ചുകൊണ്ടാണ് ഞങ്ങള്‍ വരുന്നതു... ഞങ്ങള്‍ എന്തോ ഒരു ചെറിയ കുസൃതി ഒപ്പിച്ചുവോ...? 
ആ ചിരി കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്... 
എന്തായിരുന്നു അത്... ?
പെട്ടന്ന്... ഞങ്ങളുടെ കുഞ്ഞു കുസൃതിക്കു ഗൌരവ ഭാവം കൈവന്നതുപോലെ... ആരൊക്കെയോ ഞങ്ങളുടെ പിറകെ വരുന്നുണ്ട്... ഞങ്ങളെ പിടിക്കാന്‍...
ഞാന്‍ ഇപ്പോള്‍ ഓടുകയാണ്... കവലയില്‍ നിന്നും ഇടവഴിയിലേക്ക്... 
ഇടവഴിയും കടന്നു പുല്‍ മേട്ടിലെ നടപ്പാതയിലേക്ക്... 
ഞാന്‍ വല്ലാതെ പേടിച്ചിരിക്കുന്നു... 
കൃഷ്ണാ എന്താണ് സംഭവിക്കുന്നത്...?

"അനീ... അനീ... എഴുന്നെല്‍ക്കുന്നില്ലേ... മണി ഏഴായി..."

ഞെട്ടി എഴുന്നേറ്റു നോക്കിയപ്പോള്‍ സുധിയാണ്... 
വാച്ചിലേക്ക് നോക്കി... ശരിയാണ്... മണി ഏഴ് കഴിഞ്ഞിരിക്കുന്നു... 
സുധിക്ക് എട്ടേ കാലിനു ഓഫീസിലേക്ക് പോകേണ്ടതാണ്... 
അതിനുള്ളില്‍ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കണം... 
ലഞ്ച് കഴിക്കാന്‍ കൊടുത്തു വിടാനുള്ളത് ഉണ്ടാക്കണം... 
സുധിക്ക് ഇന്നു ഇട്ടുകൊണ്ടുപോകാനുള്ള ഷര്‍ട്ടും പാന്റും തേച്ചിട്ടില്ലല്ലോ... 
അത് തേക്കണം... 
അതിനിടയില്‍ മോന്‍ ഉണര്‍ന്നാല്‍ അവന്‍റെ കാര്യങ്ങളും നോക്കണം... 

കൃഷ്ണാ... എനിക്കിന്നിത് എന്ത് പറ്റി...?

വൈകി എഴുന്നേററതിനു സ്വയം ശപിച്ചുകൊണ്ട് പിടഞ്ഞെഴുന്നേറ്റു ജോലികളെല്ലാം ധൃതിയില്‍ ചെയ്തു തീര്‍ക്കുമ്പോഴും ഞാന്‍ വേറേതോ ലോകത്തിലായിരുന്നു... 
എന്തോ ഒരു തരം അവസ്ഥ എന്നെ വലയം ചെയ്തിരുന്നു... 
അത് ഒരു തരം മരവിപ്പയിരുന്നോ... അതോ മന്ദിപ്പാണോ... 
ആവോ... എനിക്കറിയില്ല...
എന്‍റെ അബോധമനസ്സില്‍ ഞാന്‍ അപ്പോഴും ഓടുകയായിരുന്നു... 
എന്‍റെ സ്വപ്നത്തിന്‍റെ തുടര്‍ച്ചയെന്നോണം... 
ആരുടെയൊക്കെയോ പിടിയില്‍ പെടാതിരിക്കാന്‍... 
എന്തില്‍ നിന്നൊക്കെയോ രക്ഷ നേടാന്‍... 
എവിടേക്കെന്നറിയാതെയുള്ള ഓട്ടം... 
ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു...


6 comments:

  1. NANNAAYIRIKKUNNU...............

    ReplyDelete
  2. വില്ല്യം വേഡ്സ് വർത്തിന്റെ ഒരു കവിതയുണ്ട്   ഇത് പോലെ..... വളരെ നന്നായി

    ReplyDelete
  3. എല്ലാവര്‍ക്കും ഒരുപാട് നന്ദി...

    ReplyDelete
  4. ഷാജു ഊഹിച്ചത് വേഡ്സ് വര്‍ത്തിന്റെ ഡാഫോഡിത്സ് എന്ന കവിതയാണെന്ന് തോന്നുന്നു..
    "I wandered lonely as a cloud
    that's floats on high oer vales and hills"

    ReplyDelete