Thursday 19 February 2015

വായിച്ചു വളരുന്ന പുതിയ തലമുറ...



ഇന്നലെ ഞങ്ങളുടെ മരുമകളുടെ പിറന്നാൾ ആയിരുന്നു... ഭർത്താവിന്റെ ചേച്ചിയുടെ മകൾ, ഹൃദ്യ എന്ന ഏഴാം ക്ലാസ്സുകാരിയുടെ പതിമൂന്നാം പിറന്നാൾ... എല്ലാ പിറന്നാളിനും ഞങ്ങൾ അവളോട് ചോദിക്കും, നിനക്ക് ഞങ്ങൾ എന്താ ഗിഫ്റ്റ് തരേണ്ടത്‌ എന്ന്... എല്ലാ തവണയും അവൾ പറയും അങ്ങനെയൊന്നും ഇല്ലാ, എനിക്കൊന്നും തരണ്ടാ ന്ന്... നിർബന്ധിച്ചാൽ പറയും എന്തെങ്കിലും നിങ്ങൾക്കിഷ്ട്ടമുള്ളത് ന്ന്... കളിപ്പാട്ടങ്ങളും, ഉടുപ്പുകളും ഒക്കെയായി ഒരുപാട് പിറന്നാളുകൾ... എന്തെങ്കിലും ഒക്കെ വാങ്ങിക്കൊടുക്കാതെ വിടില്ല എന്ന് മനസ്സിലായപ്പോൾ കഴിഞ്ഞ വർഷം അവൾ പറഞ്ഞു, എനിക്കിനി മുതൽ പുസ്തകങ്ങൾ വാങ്ങി തന്നാൽ മതി... സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി അന്ന്... ശരിക്കും... ഇപ്പോഴും വായനയെ സ്നേഹിക്കുന്നവർ, അതും ചെറിയ കുട്ടികൾ ഉണ്ടല്ലോ എന്ന സന്തോഷം ആയിരുന്നു...  ഇംഗ്ലീഷ് മതി എന്ന് അവൾ പറഞ്ഞെങ്കിലും എനിക്ക് അതും സന്തോഷമായിരുന്നു... ഭാഷ ഏതായാലും വായന മരിക്കുന്നില്ലല്ലോ... ഹാരി പോട്ടറിന്റെ ആദ്യത്തെ മൂന്ന് പുസ്തകങ്ങൾ കഴിഞ്ഞ വർഷവും, നാലും അഞ്ചും പുസ്തകങ്ങൾ ഈ വർഷവും ഗിഫ്റ്റ് ചെയ്തു ഞങ്ങൾ... അവൾക്ക് സന്തോഷമായി... എനിക്കും...

എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് ഇതൊന്നുമല്ല... മറ്റൊരു മരുമകൾ കൂടെയുണ്ട് ഞങ്ങൾക്ക്... എന്റെ ചേട്ടന്റെ മകൾ... അനുഷ എന്ന മൂന്നാം ക്ലാസ്സുകാരി... അവളുടെ ഒൻപതാം പിറന്നാൾ കഴിഞ്ഞ മാസം ആയിരുന്നു... പിറന്നാൾ അടുക്കുമ്പോൾ അവളോടും ഞങ്ങൾ ചോദ്യം ആവർത്തിക്കും... അവളും എന്തെങ്കിലും ഒക്കെ ഒഴിവുകഴിവ് പറയും... ഞങ്ങളും നിർബന്ധിച്ചു ഓരോരോ ഗിഫ്റ്റ് കൊടുക്കും... ഇത്തവണ അവളും ഞങ്ങളെ ഞെട്ടിച്ചു... എനിക്കിനി മുതൽ പുസ്തകങ്ങൾ മതി ന്ന് പറഞ്ഞു അവളും... അതും മലയാളം ... പോരേ... ആനന്ദ ലബ്ധിക്ക്‌ ഇനിയെന്ത് വേണം ന്ന അവസ്ഥയായി എന്റേത്...ഫോണിലൂടെ ആയിപ്പോയി, അല്ലെങ്കിൽ അപ്പോൾ തന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തേനെ ഞാൻ അവൾക്ക്... അഷിതയുടെ 365 ബാലകഥകളുടെ പുസ്തകവും, ജാതക കഥകളുടെ മറ്റൊരു പുസ്തകവും വാങ്ങി കൊടുത്തു ഞങ്ങൾ... 

ശരിക്കും പറഞ്ഞാൽ ഇതുകൊണ്ടെല്ലാം പ്രയോജനം ഉണ്ടായത് എനിക്കാണ്... ഞങ്ങളുടെ മകൻ, എട്ട് വയസ്സുകാരൻ അശ്വിനും വായനയിലേക്ക് കടന്നിരിക്കുന്നു... കളിക്കുടുക്കകളും, മാജിക് പോട്ടുകളും അല്ലാതെ പുസ്തകങ്ങൾ വായിക്കാൻ അവൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു... ഇപ്പോഴത്തെ ഒട്ടുമിക്ക ന്യൂ ജെനറേഷൻ കുട്ടികളെയും പോലെ  അവനും വേണ്ടത് ഇംഗ്ലീഷ് പുസ്തകങ്ങൾ ആണെങ്കിലും ഞാൻ ഹാപ്പിയാണ്... അവനും വായിച്ചു വളരുന്നുണ്ടല്ലോ...  എനിക്കത് മതി... 

2 comments:

  1. വായന വളരട്ടെ....

    ReplyDelete
  2. നല്ലത്.
    ഒരു നഷ്ടവും വരില്ല.

    ReplyDelete