Monday, 18 November 2013

അശ്വിന്റെ കണ്ടുപിടുത്തങ്ങൾ...

ഇക്കഴിഞ്ഞ വൃശ്ചികം ഒന്നിന്, അതായത് നവംബർ പതിനാറ് ശനിയാഴ്ച, ഞങ്ങൾക്കൊരു യാത്രയുണ്ടായിരുന്നു... മണ്ഡലകാലം തുടങ്ങിയതിനാൽ പോകുന്ന വഴിയിൽ ഒന്ന് രണ്ട് സ്ഥലങ്ങളിൽ അയ്യപ്പ വിളക്കിന്റെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു... തിരിച്ചു വരുന്ന സമയമായപ്പോഴേക്കും അവിടങ്ങളിൽ വിളക്കുകളെല്ലാം തെളിയിച്ച്, അയ്യപ്പ ഭക്തി ഗാനങ്ങളും ഒക്കെയായി ഒരു ഉത്സവ പ്രതീതി തോന്നിച്ചു... അശ്വിന്റെ ആദ്യത്തേതും, പ്രധാനപ്പെട്ടതുമായ കണ്ടുപിടുത്തം നടന്നത് അപ്പോഴാണ്‌...

പ്രിയപ്പെട്ട ക്രിക്കറ്റർ സച്ചിന്റെ വിരമിക്കൽ ടെസ്റ്റിനെ പറ്റി അശ്വിൻ കേട്ട് തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു... ടി വി യിലും, പത്രങ്ങളിലും, എന്തിനു, കുട്ടികളുടെ മാസികകളിൽ വരെ സച്ചിൻ മയം... (കുറ്റം പറയുന്നതല്ലാ ട്ടോ... അവന്റെ മാനസികാവസ്ഥയിൽ നിന്ന് ഒന്ന് ചിന്തിച്ചു നോക്കിയതാ... ഒരു ഏഴ് വയസ്സുകാരന് ക്രിക്കറ്റിന്റെ ദൈവത്തെ കുറിച്ച് എന്തറിയാം...???)

അന്നാണെങ്കിൽ (നവംബർ പതിനാറ്) യാത്ര പുറപ്പെടുന്നതിനു മുൻപ് സച്ചിന്റെ വിരമിക്കൽ പ്രസംഗവും മറ്റും അവൻ ടി വി യിൽ കണ്ടതുമാണ്... അതും ഈ വിളക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ആ കുഞ്ഞു മനസ്സിന് തോന്നിക്കാണണം...

തിരിച്ചു വരുന്ന വഴി അവൻ അവന്റെ കണ്ടുപിടുത്തം വെളിപ്പെടുത്തി...

"അമ്മേ... ഇതെന്താന്നറിയോ ഇന്ന് ഇവിടൊക്കെ വിളക്ക് കത്തിച്ച് വച്ചിരിക്കണേ... ഇന്ന് സച്ചിൻ വിരമിച്ചില്ലേ ... അതോണ്ടാ..."

ചിരക്കണോ വേണ്ടയോ എന്നറിയാതെ ഞങ്ങൾ അവന്റെ മുഖത്തോട്ടു നോക്കിയിരുന്നുപോയി... അപ്പോഴും, താൻ പറഞ്ഞതിനെ കുറിച്ച് ഒരു നേരിയ സംശയത്തിന്റെ നിഴൽ പോലും ആ കുഞ്ഞു മുഖത്ത് ഉണ്ടായിരുന്നില്ല...

രണ്ടാമത്തെ കണ്ടുപിടുത്തം നടന്നത് ഇന്നാണ്... കുറച്ചു സമയം മുൻപ്... ഒരു പതിനൊന്നു മണി നേരത്ത്... 

ഹർത്താൽ പ്രമാണിച്ച് സ്കൂൾ അവധി ആയതിനാൽ, വീട്ടിലിരുന്നു കാർട്ടൂണ്‍ ചാനലുകൾ മാറി മാറി കാണുന്നതിനിടയിൽ ഡിസ്നി ചാനലിൽ ഒരു പരസ്യം വന്നു... ഇന്ന് മിക്കി മൌസിന്റെ Birthday ആണത്രേ... 

ഉടനെ വന്നു അശ്വിന്റെ കണ്ടുപിടുത്തം No:2

"അപ്പോ ഇന്ന് മിക്കി മൌസിന്റെ Birthday ആയതുകൊണ്ടാണ്‌ ഹർത്താൽ... ല്ലേ അമ്മേ...???"

ഇത്തവണ ഞാൻ ചിരിച്ചു ചിരിച്ചു കരഞ്ഞു... 

9 comments:

  1. ബാല്യകുതൂഹലങ്ങള്‍, തീരാത്ത ചോദ്യങ്ങള്‍. അശ്വിന് എന്റെ ആശംസകള്‍ പറയൂ!

    ReplyDelete
  2. നിഷ്കളങ്ക ബാല്യം ...

    ReplyDelete
  3. അമ്മയുടെ മോന്‍ :)

    ReplyDelete
  4. Aswin monu ikkaayude madhramulla umma

    ReplyDelete
  5. നമ്മുടെ ഇന്നത്തെ ടീവി കളുടെ സ്വാധീനം.

    ReplyDelete
  6. ബാല്യത്തിന്‍ നിഷ്കളങ്കത
    കൈമോശം വരാതിരിക്ക്യട്ടെ
    വരും നാളുകളിലും!!! rr

    ReplyDelete
  7. അമ്മയുടെ മകന്‍ തന്നെ!

    ReplyDelete