Showing posts with label നുറുങ്ങുകൾ.... Show all posts
Showing posts with label നുറുങ്ങുകൾ.... Show all posts

Sunday, 18 December 2016

നുറുങ്ങുകൾ... 9

നിലാവൊളി തൂകിയ പടിപ്പുര വാതിലിൻ...
ചാരിയ കതകിൻ ഇത്തിരി വിടവിലൂടെ...
നിറതിരി കത്തുന്ന വഴിക്കണ്ണുമർപ്പിച്ച്...
ആ പദ സ്പർശവും കാതോർത്തിരിക്കുന്നു... 
വൈകിയ വേളയിലും പ്രതീക്ഷയോടെ ഞാൻ... 

---------------------------------------------------------------------------------

അന്ന്...

മൊഴിയേണ്ട വാക്കുകൾ പുഴയായ് നിറഞ്ഞപ്പോൾ...
അകലേക്ക്‌ നീ മെല്ലെ മറഞ്ഞു പോയി...

ഇന്ന്...

ഒരു മിന്നലൊളിപോൽ നീ അരികത്തണഞ്ഞപ്പോൾ...
മൊഴികൾ തൻ പുഴ വറ്റി വരണ്ടു പോയി... 

---------------------------------------------------------------------------------

മയിൽ‌പ്പീലിയഴകുള്ള ഓർമ്മകളും...
കരിവളച്ചിന്തിന്റെ നോവുകളും...
മഴവില്ലിൻ നിറമുള്ള ചിത്രങ്ങളും...
ഒരു മൂളിപ്പാട്ടിന്റെ ഈണങ്ങളും...
മതിയാമെൻ ദിനങ്ങൾക്ക് തിളക്കം കൂട്ടാൻ...
കരിമുകിൽ നിഴൽ വീണ നിമിഷങ്ങളിൽ...

Sunday, 11 December 2016

നുറുങ്ങുകൾ... 8

പരസ്പ്പരം അറിയാൻ ശ്രമിച്ചതോ...
കാരണമായിത്തീർന്നു...
പരസ്പ്പരം അകലാൻ...!!!??? 

---------------------------------------------------------------------------------

രാവേറെയായിട്ടും ഉറങ്ങാതിരിപ്പുണ്ട്...
നിറമുള്ള സ്വപ്നങ്ങളിൽ... 
നിന്നോർമ്മകൾ... 

---------------------------------------------------------------------------------

നീയെന്നെയറിയാൻ...
ഇനിയും...
എത്ര ജന്മം പിറക്കണം ഞാൻ...!!!??? 

Wednesday, 4 March 2015

നുറുങ്ങുകൾ... 7

മഴ... 
----------------------

രാത്രിയിൽ വന്നവൾ ... 
ആകെ തണുപ്പിച്ച് ... 
കലിതുള്ളി രാവിലെ മടങ്ങിപ്പോയി ... 

________________________________________________________________________


കൂട്ടുകാര്‍ ...
---------------------------------------------

കൂടെ നടന്നവര്‍ കൂടെ കളിച്ചവര്‍
കൂടെ ചിരിച്ചവര്‍ കൂടെ കരഞ്ഞവര്‍
എന്തിനും ഏതിനും കൂട്ടായി നിന്നവര്‍
ഹൃദയത്തില്‍ കുടികൊള്ളുമെന്‍ കൂട്ടുകാര്‍ ...

________________________________________________________________________

കണ്ണാടി...
----------------------------------

കരഞ്ഞും ചിരിച്ചും  ചിന്തിച്ചും...
ഇണങ്ങിയും പിണങ്ങിയും മയങ്ങിയും...
നമ്മെ നമുക്കായ് കാഴ്ചവയ്പ്പൂ...!!!

Wednesday, 24 September 2014

നുറുങ്ങുകൾ... 6

മഴ പെയ്തൊഴിഞ്ഞതിൻ പിൻപും...
മരം പെയ്തിറങ്ങും പോൽ...
നിന്നൊർമ്മകളെന്നിൽ പെയ്തിറങ്ങുന്നു...
നീ പെയ്തൊഴിഞ്ഞതിൻ ശേഷവും...

---------------------------------------------------------------------------------

ചുടു നെടുവീര്‍പ്പിന്റെ പശ്ചാത്തല ഗീതത്തില്‍ ...
അണ പൊട്ടിയൊഴുകുന്ന കണ്ണീരിന്‍ ചാലുകള്‍ ...
തീര്‍ക്കുന്നുണ്ടുള്ളിലെൻ മഴയുടെ താളങ്ങള്‍ ... 

---------------------------------------------------------------------------------

മറവികൾ മാറാല മൂടിയോരോർമ്മകൾ-
ക്കുള്ളിലായിന്നു ഞാൻ നിന്നെ തിരയവേ...
എങ്ങോ മറഞ്ഞൊരെൻ ബാല്യമേ നിനക്കായ്...  
നിറകണ്ണുമായ് കാത്തിരിപ്പൂ ഞാനേകയായ്...

Friday, 5 September 2014

നുറുങ്ങുകൾ... 5

വെന്തുരുകിത്തളർന്നു...

കുളിച്ചൊരുങ്ങിമടങ്ങാൻ

കടലിൽ മുങ്ങി... സൂര്യൻ...!!! 

--------------------------------------------------------------------------

പറയാതെ പറഞ്ഞും...

പലതുമൊളിപ്പിച്ചും...

മിഴികൾ...!!!

--------------------------------------------------------------------------

പുളിമരക്കൊമ്പിലെ കാക്ക കരഞ്ഞു...

ഒട്ടിയ വയറു മുറുക്കിക്കുത്തി 
എല്ലുംതോലുമകത്തോട്ടോതി...

"വെച്ചത് വെച്ചേക്കൂ... വിരുന്നിനാളുണ്ട്...!!!"

Wednesday, 16 April 2014

നുറുങ്ങുകൾ... 4

മയിൽ‌പ്പീലിതൻ നീലിമ തേടി...
കാളിന്ദിയിലേക്കിറങ്ങുന്നു...
നിറകണ്ണുമായൊരു രാധ... !!!

-------------------------------------------------------

അന്തമില്ലാതെ...
അന്ത്യം വരേയും...
ആഗ്രഹങ്ങൾ...!!!

--------------------------------------------------------

വളർച്ചയുണ്ടെൻ വരികൾക്ക്...
വളമിട്ടുകൊടുപ്പതു പോൽ...
വരിഞ്ഞിറുക്കിയ വിതുമ്പലിൻ ഗുണം...!!!

Friday, 11 April 2014

നുറുങ്ങുകൾ... 3 ( Election Special )

തിരഞ്ഞെടുപ്പ്...
---------------------------------------------------

ആശ്വാസവാക്കുകളോതി സ്ഥാനാർത്ഥികൾ...
ആവേശത്തിരകളുയർത്തി പ്രചാരണം...
ആശങ്കകളേതുമകലാതെ പൊതുജനം...!!!

---------------------------------------------------------------

"കുട നന്നാക്കാനുണ്ടോ... കുട...!!!???"
'കുട' ചിഹ്നമായുള്ളവർ...
'നിശബ്ദ' പ്രചാരണത്തിൽ...!!!

(മുൻപൊരിക്കൽ ഞാൻ കാണാനിടയായ 'നിശബ്ദ'പ്രചാരണത്തിന്റെ ഓർമ്മ...)

----------------------------------------------------------------

ഇന്നലെ കണ്ട കാഴ്ച...
---------------------------------------------------------------------

തിരഞ്ഞെടുപ്പ് ദിനം...!!!
നിരനിരയായ് അച്ചടക്കത്തോടെ...
മണി ആറൊന്നടിക്കുവാനക്ഷമരായ്...
അഭ്യുദയകാംക്ഷികൾ...
ബീവറേജസിനു മുന്നിൽ...!!!

Wednesday, 9 April 2014

നുറുങ്ങുകൾ... 2

ചിരി വളവിലായ് പതുങ്ങി ദു:ഖം... 
സങ്കടക്കടലിന്നക്കരെ പകച്ച്‌ സന്തോഷം...
ജീവിതം... !!!

--------------------------------------------------------------------

പൊയ്പ്പോയ കാലത്തിൻ കണ്ണാടിച്ചിന്തുകൾ...
കൂട്ടി മിനുക്കിയതിലായിരം ഭാവങ്ങൾ...
ഗൃഹാതുരത്വം... !!!

--------------------------------------------------------------------

വേനൽ മഴയിലും മാനത്ത്...
കേമത്തം വിളമ്പി നിറങ്ങൾ... 
മഴവില്ല്... !!!

Sunday, 6 April 2014

നുറുങ്ങുകൾ... 1

ഇന്നലത്തെ ചൂടാറിയ വാർത്ത... 
------------------------------------------
തീൻ മേശമേൽ ഇടിവെട്ട്...
ചപ്പാത്തിക്ക് വലിപ്പം കൂടി... !!!
പെയ്യാനൊരുങ്ങി കാർമേഘം... 

ഹോം മേക്കർ...
---------------------------
കണ്ണീരിൽ കുതിർന്നോരേപ്രണിനുള്ളിലായ്...
മോഡുലാർ കിച്ചണിൻ മൂലയിൽ നിൽപ്പുണ്ട്...
ഒന്നിനും കൊള്ളാത്തവൾ... !!!

ഇന്നത്തെ ചിന്ത...
-----------------------
സ്വയമലിഞ്ഞുരുകി വീണുടയുന്നു...
അടുപ്പിലെ കനലിലൊരിറ്റു കണ്ണുനീർ...
അമ്മ... !!!