Tuesday, 3 December 2013

ഒരു കുഞ്ഞിക്കിളിയുടെ കഥ...

പുതിയ വീട്ടിൽ താമസം തുടങ്ങി കുറച്ചു നാളുകൾക്കു ശേഷമാണ് വീടിന്റെ പിൻഭാഗത്തുള്ള വരാന്തയുടെ അടുത്ത് സണ്‍ഷേടിന്റെ അടിയിൽ ഒരു മൂലയിലായി ഒരു കിളിക്കൂട്‌ ശ്രദ്ധയിൽ പെട്ടത്... രണ്ടു മൂന്നു ദിവസത്തെ നീരീക്ഷണങ്ങൾക്ക് ശേഷം അത് കാലിയാണെന്ന് ഉറപ്പിച്ചു... പിന്നീടുള്ള വൃത്തിയാക്കലുകൾക്കിടയിൽ അത് അവിടെ നിന്നും മാറ്റുകയും ചെയ്തു... ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു അത്... 

മൂന്നു നാല് ആഴ്ചകൾക്ക് മുൻപ് വീണ്ടും അത് അവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി... കുറച്ചു കുറച്ചായി കൂടിനു വലുപ്പം കൂടി കൂടി വന്നു... അതേ സ്ഥലത്ത് തന്നെ... വീട്ടുകാരെ കാണാൻ ശ്രമിച്ചിട്ട് നടന്നില്ല... എന്റെ കണ്ണിൽ പെടാതെ രഹസ്യമായി അവർ വീടുപണി (കൂടുപണി) പൂർത്തിയാക്കി... 

ഞങ്ങളുടെ വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയുടെ ജനൽ തുറന്നാൽ കൂട് കാണാം... ഉൾഭാഗം കാണാൻ പറ്റില്ല... സമയം കിട്ടുമ്പോഴൊക്കെ ഞാൻ ആ ജനലരുകിൽ തപസ്സു ചെയ്തു... വീട്ടുകാരെ ഒരു നോക്ക് കാണാൻ... മൂന്നാഴ്ച മുൻപ് ഞാൻ കണ്ടു... ആ കൂട്ടിലെ വീട്ടുകാരിയെ, അല്ല, കൂട്ടുകാരിയെ... വെളുത്ത കവിളുകളും, ചുവന്ന മീശയും, കറുത്ത മുടിയുമുള്ള ഒരു കുഞ്ഞു തൊപ്പിക്കിളി...  അവളുടെ വാലിന്റെ അടിയിലും ചുവപ്പ് രാശി പടർന്നിരുന്നു...



പിന്നീടുള്ള ദിവസങ്ങളിൽ അവൾ അധികം പുറത്തിറങ്ങാതായി... ഭക്ഷണം തേടി പോകേണ്ടതുള്ളപ്പോൾ അവളുടെ ഇണ, അവളെ പറിച്ചു വച്ചത് പോലെയുള്ള ഒരുവൻ, ആ കൂട്ടിൽ തപസ്സിരുന്നു... അന്ന് ഞാൻ ഉറപ്പിച്ചു... കൂട്ടിൽ മുട്ടകളുണ്ട്... എത്രയെണ്ണം? അറിഞ്ഞുകൂടാ... വിരിയാൻ കാത്തിരിക്കുക തന്നെ... 

രണ്ടാഴ്ച മുൻപ് ഒരു ദിവസം കൂട്ടിൽ നിന്നും നേർത്ത ചില ശബ്ദങ്ങൾ കേട്ടത് പോലെ... പതിവുപോലെ, കിടപ്പുമുറിയുടെ ജനൽ പതിയെ തുറന്നു നോക്കിയപ്പോൾ കണ്ടത് അമ്മക്കിളി കൊണ്ടുവന്ന  ഭക്ഷണം കിട്ടാൻ, കഴുത്ത് പരമാവധി ഉയർത്തി, കുഞ്ഞിവായകൾ മലർക്കെ തുറന്ന്, പറ്റാവുന്നത്ര ശബ്ദത്തിൽ കീ കീ കരയുന്ന, കണ്ണുകൾ ഇനിയും തുറന്നിട്ടില്ലാത്ത മൂന്നു കുഞ്ഞിത്തലകളാണ്...
 


പിന്നീടുള്ള നാളുകൾ എനിക്കും എന്റെ പുത്രനും ആഹ്ലാദത്തിന്റെതായിരുന്നു ... സമയം കിട്ടുമ്പോഴെല്ലാം   ഞാനും അവനും ആ ജനലരികിൽ പോയി നോക്കിയിരുന്നു... ഓരോ തവണയും അച്ഛനും അമ്മയും മക്കൾക്ക്‌ ആഹാരം കൊടുക്കുമ്പോഴും ഞങ്ങൾ സന്തോഷിച്ചു... കുഞ്ഞുങ്ങൾ വളരെ വേഗം വളർന്നു...


അങ്ങനെയിരിക്കെ ഇന്നലെ വൈകീട്ട് അച്ഛന്റെയും അമ്മയുടെയും കലപില കേട്ടാണ്, കാര്യമെന്താണെന്ന് അറിയാൻ പിന്നിലെ വാതിൽ തുറന്ന് ഞാൻ പുറത്തോട്ടിറങ്ങിയത്...
നോക്കുമ്പോൾ ഒരു കള്ളിപ്പൂച്ചയും മകനും ചിറിയും തുടച്ചുകൊണ്ട് ഓടിപ്പോകുന്നു... വല്ലാത്തൊരു പരവശത്തോടെയാണ് ഞാൻ കിളിക്കൂടിനടുത്തെക്ക് പോയി നോക്കിയത്... കിളിക്കൂട്‌ കാലി... മൂന്നുപേരെയും തീർത്തോ ആ മഹാപാപികൾ എന്ന് സംശയിച്ച് നിൽക്കുമ്പോൾ അതാ താഴെ ഒരു കുഞ്ഞു കരച്ചിൽ... മൂലയിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കവറുകൾക്കിടയിൽ പേടിച്ചു വിറച്ച് ഒരു കുഞ്ഞു പഞ്ഞിക്കെട്ട്‌... പതിയെ അതിനെ എന്റെ കൈകളിൽ കൊരിയെടുക്കുമ്പോൾ രണ്ടു ദിവസം മുൻപ് മാത്രം തുറന്ന അതിന്റെ കുഞ്ഞിക്കണ്ണുകളിൽ നിറയെ ഭയമായിരുന്നു... വിരിഞ്ഞു തുടങ്ങിയ തൂവലുകൾക്കടിയിലെ കുഞ്ഞു ഹൃദയം പട പടാന്ന് മിടിച്ചു... പൂച്ചകളെയും, പോരാത്തതിന് എന്നെയും കണ്ടതുകൊണ്ടാകണം അച്ഛനും അമ്മയും സ്ഥലം വിട്ടിരുന്നു...

എന്ത് ചെയ്യണം...? ഒരു നിമിഷത്തെ ആലോചനക്കു ശേഷം, ഒരു ഒഴിഞ്ഞ ഹാർഡ് ബോർഡ് പെട്ടിയിൽ ഒരു കുഞ്ഞി തുണി വിരിച്ച് ആ കിളിക്കുഞ്ഞിനെ അതിലേക്കു പതിയെ ഇരുത്തി... പേടികൊണ്ടു അപ്പോഴും വിറച്ചിരുന്ന അതിന്റെ കുഞ്ഞു ശരീരം തലോടി, ഫില്ലർ കൊണ്ട് കുറച്ചു കുറച്ചു വെള്ളവും, പിഞ്ചർ കൊണ്ട്, പുഴുങ്ങിയ കാരറ്റിന്റെ കുഞ്ഞു കുഞ്ഞു കഷണങ്ങളും, ഞാൻ ആ വിറയ്ക്കുന്ന കുഞ്ഞു വായിൽ വച്ചു കൊടുത്തു... സമയം വൈകീട്ട് ആറര കഴിഞ്ഞിരുന്നു... വയറു നിറഞ്ഞതോടെ ആ കുഞ്ഞു കണ്ണുകൾ അടഞ്ഞു തുടങ്ങി... പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു... രാത്രി പതിനൊന്നു മണിക്ക് ഞങ്ങൾ കിടക്കുന്നതിനിടക്ക് ഒന്ന് രണ്ടു തവണ ഉറക്കത്തിൽ നിന്നും ആ കിളിക്കുഞ്ഞു പിടഞ്ഞെഴുന്നേറ്റു കരഞ്ഞു... ഞങ്ങൾ ഉറങ്ങാൻ കിടന്നിട്ടും, പാതിരാത്രി ഒരു മണിക്കും, പുലർച്ചെ മൂന്നു മണിക്കും ഒക്കെ ഞാൻ അതിനെ ചെന്ന് നോക്കി... പാവം... നല്ല ഉറക്കം... 

പെട്ടി ഞാൻ അടുക്കളയിലാണ് വച്ചിരുന്നത്... രാവിലെ ആറ് മണിക്ക് ഞാൻ ഉണർന്ന് ചെന്ന് അടുക്കളയിൽ ലൈറ്റ് ഇട്ടപ്പോൾ നമ്മുടെ കഥാപാത്രവും ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്നു... "രാവിലെ ഇച്ചിരി വെള്ളം കുടിക്കണോ?" എന്ന് ചോദിച്ച് ഞാൻ അവളെ കയ്യിലെടുത്തു... (അത് ഒരു 'അവൾ' ആണെന്ന് ഞാൻ അങ്ങ് സങ്കല്പ്പിച്ചു ... അത്രന്നെ...) ഫില്ലറിൽ എടുത്ത ഇച്ചിരി വെള്ളം തുള്ളി തുള്ളിയായി ആ കുഞ്ഞി ചുണ്ടുകളിൽ ഒറ്റിച്ചു കൊടുത്തപ്പോൾ ആർത്തിയോടെ അവൾ അത് മുഴുവൻ കുടിച്ചു തീർത്തു... 

വീണ്ടും പുറത്തൊരു കലപില... ജനലിലൂടെ നോക്കിയപ്പോൾ അമ്മയാണ്... ചുണ്ടിൽ മുറുക്കി പിടിച്ച ആഹാരവുമായി... കഴിഞ്ഞ ദിവസം, പേടി മൂലം, ഉപേക്ഷിച്ചു പോകേണ്ടി വന്ന കുഞ്ഞിനെ തിരക്കി വന്നിരിക്കുകയാണ്... പാവം... ഞാൻ പതുക്കെ, കിളിക്കുഞ്ഞിനെ തിരികെ പെട്ടിയിലിരുത്തി, ആ പെട്ടിയും കൊണ്ട് പുറത്തേക്കിറങ്ങി... എന്നെ കണ്ടതും അമ്മ വീണ്ടും പറന്നു പോയി... എനിക്കുറപ്പുണ്ടായിരുന്നു, അധികം ദൂരം പോയിക്കാണില്ല... അടുത്തെവിടെയെങ്കിലും ഇരുന്നു നിരീക്ഷിക്കുന്നുണ്ടായിരിക്കും... എന്റെ ഊഹം തെറ്റിയില്ല... ഞാൻ പെട്ടി വച്ച് തിരിച്ച് കയറിയപ്പോഴേക്കും അമ്മ വന്നു... അമ്മയെ കണ്ടതോടെ കുഞ്ഞും ഉഷാറായി... വായിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛനും എത്തി... ചെറുതായി പറക്കാൻ തുടങ്ങിയിരുന്ന കുഞ്ഞിക്കിളിയെ അച്ഛനും അമ്മയും ചേർന്ന് പതിയെ പതിയെ ഇത്തിരി ഇത്തിരി ദൂരം വീതം പറത്തി കൊണ്ടു പോയി... എല്ലാം നോക്കി നിന്ന എന്റെ കണ്ണിൽ നനവ്‌ പടർന്നു... കുഞ്ഞേ... ഇനിയെന്നാ നിന്നെ ഒന്ന് കാണാൻ പറ്റുക...???

അശ്വിന്റെ കാര്യമായിരുന്നു മഹാ കഷ്ട്ടം... പാവം, കുഞ്ഞിക്കിളിയെ കയ്യിൽ കിട്ടിയപ്പോൾ മുതൽ എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നെന്നോ... വളർത്തണം, കൂടെ കളിക്കണം, എന്നും സ്കൂളിൽ പോകുന്നതിനു മുന്പ് ബായ് പറയണം... അങ്ങനെ അങ്ങനെ... ആ കുഞ്ഞിക്കിളിയെ തേടി അതിന്റെ അച്ഛനും അമ്മയും ഒരിക്കലും തിരിച്ചു വരില്ലെന്ന് ആ കുഞ്ഞു മനസ്സ് കണക്കുകൂട്ടിക്കാണും...( അങ്ങനെ ഒരു പ്രതീക്ഷ എനിക്കും ഉണ്ടായിരുന്നില്ലേ...??? ആ കിളിക്കുഞ്ഞിനെ 'പങ്കി' എന്ന് പേര് ചൊല്ലി വിളിക്കാൻ ഞാൻ ആഗ്രഹിചിരുന്നില്ലേ...??? ) പറഞ്ഞു മനസ്സിലാക്കാൻ ഇത്തിരി പാട് പെട്ടു...
 "മോനേ, നിന്നെ പിടിച്ചോണ്ട് പോയി, അച്ഛനേം അമ്മേനേം കാണിക്കാതെ ഒരു മുറിയിലിട്ട് പൂട്ടിയാൽ മോന് ഇഷ്ട്ടാവോ? ഐസ് ക്രീമും, ലഡുവും, ഗുലാബ് ജാമുനും ഒക്കെ വാങ്ങിത്തരും, പക്ഷെ അച്ഛനേം അമ്മേനേം കാണാൻ പറ്റില്ല. അങ്ങനെയായാൽ മോന് സങ്കടം വരൂല്ലേ... അതുപോലെ അല്ലെ മോനെ കുഞ്ഞിക്കിളീം... അതിനും സങ്കടാവില്ലെ... അതിന്റെ അച്ഛന്റേം അമ്മേടേം കൂടെ താമസിക്കണം ന്ന് അതിനും ആഗ്രഹംണ്ടാവില്ലേ ... " എന്നൊക്കെ ചോദിച്ചപ്പോൾ, മനസ്സില്ലാമനസ്സോടെ ആണെങ്കിലും അവനും സമ്മതിച്ചു... പാവം കുട്ടി... വിഷമത്തോടെയാണ് ഇന്നവൻ സ്കൂളിൽ പോയത്... തിരിച്ചെത്തിയപ്പോഴും ഒന്നേ അവനു ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ... "കുഞ്ഞിക്കിളീം, അച്ഛനും അമ്മയും തിരിച്ചു വന്നോ അമ്മേ...??? അവര് ഇനി ഒരിക്കലും തിരിച്ച് വരൂല്ലേ...???" പ്രതീക്ഷിക്കാതെ ഒരു കൂട്ട് കിട്ടി, തീരെ പ്രതീക്ഷിക്കാതെ അത് നഷ്ട്ടപ്പെട്ടപ്പോൾ ആ മനസ്സ് ഒരുപാട് വേദനിച്ചു... ഞാൻ എന്ത് ഉത്തരം പറയും അവനോട്... ? 


ആളൊഴിഞ്ഞ ആ കിളിക്കൂട്‌ അവിടെ തന്നെ ഇരുന്നോട്ടെ... അതിലെ താമസക്കാർ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷ എന്റെ കുഞ്ഞു മകന് നല്കുവാനെങ്കിലും...




6 comments:

  1. മരങ്ങള്‍ വെട്ടിനിരത്തുമ്പോള്‍ ,കെട്ടിടങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍.നാം നമ്മളെ കുറിച്ചുമാത്രം ചിന്തിക്കുമ്പോള്‍ കാണാതെ പോകുന്ന ജീവനുകള്‍.

    ReplyDelete
  2. കിളിക്കുടുംബമേ....നിങ്ങളുടെ ചരിതം വായിയ്ക്കാന്‍ സന്തോഷമുണ്ടായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ പൂച്ചയുടെ ഇരയായെങ്കിലും. അത് പ്രകൃതിയുടെ നിയമമല്ലോ!

    ReplyDelete
  3. ആളൊഴിഞ്ഞ ആ കിളിക്കൂട്‌ അവിടെ തന്നെ ഇരുന്നോട്ടെ... അതിലെ താമസക്കാർ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷ എന്റെ കുഞ്ഞു മകന് നല്കുവാനെങ്കിലും... നല്ല പോസ്റ്റ്‌

    ReplyDelete
  4. കുഞ്ഞിക്കിളിയുടെ കഥ വളരെ മനോഹരമാക്കിയിരിക്കുന്നു.ചിത്രങ്ങളും.....

    ReplyDelete
  5. manoharamaaya kadha.... ammakkum monum abhinandanangal.... :)

    ReplyDelete
  6. മനോഹരമായ അനുഭവം

    ReplyDelete